ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി
2020 ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 9 പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരാണ് ജാമ്യം തള്ളിയ മറ്റ് പ്രതികൾ.
സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് വൻ പിഴ
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിന് 63 കോടിയും സാഹിൽ സക്കറിയ, ഭരത് കുമാർ ജെയിൻ എന്നിവർക്ക് 56 കോടി വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണ്ണവുമായി മാർച്ച് 3 നാണ് രന്യ അറസ്റ്റിലായത്.
ഡൽഹിയിൽ കനത്ത മഴ: യമുനാ നദി കരകവിഞ്ഞു
കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദി കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ വർഷം ആദ്യമായാണ് യമുന അപകടനില കവിഞ്ഞൊഴുകുന്നത്. വസീറാബാദ്, ഹഥ്നികുണ്ട് അണക്കെട്ടുകൾ തുറന്നതോടെ നദിയിൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം
തൃണമൂൽ കോൺഗ്രസിൻ്റെ സമരപ്പന്തൽ സൈന്യം പൊളിച്ചതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി പോരിൽ പുതിയ പോർമുഖം തുറന്നു. ഇതിന് പിന്നാലെ സൈന്യത്തിൻ്റെ ട്രക്ക് ബംഗാൾ പൊലീസ് പിടിച്ചെടുത്തു. ട്രക്ക് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് വർമ്മയുടെ വാഹനവ്യൂഹത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ അമിത വേഗതയിലായിരുന്നു ട്രക്കെന്ന് പൊലീസ് പറഞ്ഞു.