കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും നിരവധി പ്രധാന സംഭവങ്ങൾ അരങ്ങേറി. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് സഹായകമാകുന്ന ചില പ്രധാന ലോക വാർത്തകൾ താഴെ നൽകുന്നു:
ഗാസ സംഘർഷം രൂക്ഷമാകുന്നു, അമേരിക്കൻ വീറ്റോ
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു. ഇസ്രായേൽ സൈന്യം ഗാസ നഗരത്തിൽ ആക്രമണം വ്യാപിപ്പിക്കുകയും ടാങ്കുകൾ ഉപയോഗിച്ച് കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇതോടെ ഏകദേശം ആറ് ലക്ഷത്തോളം പലസ്തീൻകാർ ഗാസ സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനകം മൂന്നര ലക്ഷത്തോളം പേർ പലായനം ചെയ്തെന്നും വിവരങ്ങളുണ്ട്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പൂർണ്ണമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യുന്നത്.
ചബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് ഇന്ത്യയ്ക്ക് നൽകിയിരുന്ന ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. ഇത് ഇന്ത്യയുടെ ചരക്ക് നീക്കത്തെയും മേഖലയിലെ തന്ത്രപരമായ താത്പര്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു നീക്കമാണ്.
റഷ്യയുടെ വ്യോമാതിർത്തി ലംഘനം
എസ്തോണിയയുടെ വ്യോമാതിർത്തിയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ കടന്നുകയറിയതായി എസ്തോണിയൻ സർക്കാർ സ്ഥിരീകരിച്ചു. റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങളാണ് മുൻകൂർ അനുമതിയില്ലാതെ ഏകദേശം 12 മിനിറ്റോളം എസ്തോണിയൻ വ്യോമാതിർത്തിയിൽ തുടർന്നത്. ഇത് പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പുതിയ കടന്നുകയറ്റം.
റഷ്യയിൽ ശക്തമായ ഭൂകമ്പം
റഷ്യയിലെ കംചത്കയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിയുടെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കംചത്ക ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ്.